ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ കരിമണ്ണൂര്‍, നെയ്യശ്ശേരി എന്നീ വില്ലേജുകളുടെ പരിധിയിലാണ് കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 33.33 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് വണ്ണപ്പുറം ഗ്രാമപഞ്ചായത്തും, തെക്ക് ഇടവെട്ടി, ആലക്കോട് ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് കോടിക്കുളം ഗ്രാമപഞ്ചായത്തും തൊടുപുഴ മുനിസിപ്പാലിറ്റിയും കിഴക്ക് ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തുമാണ്. സഹ്യപര്വ്വതസാനുക്കളുടെ പടിഞ്ഞാറേ അറ്റത്തുള്ള മലനിരകളുടെ സാമീപ്യമുള്ള ഒരു പഞ്ചായത്താണ് കരിമണ്ണൂര്‍. ചെറുതും വലുതുമായിട്ടുള്ള കുന്നിന്‍പ്രദേശങ്ങളും അവയ്ക്കിടയിലെ താഴ്വരയിലെ സമതലങ്ങളുമാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതിയുടെ പൊതുസ്വഭാവം. പഞ്ചായത്തിന്റെ തെക്കേ അറ്റത്തുള്ള ഉമ്മടക്കിന്തണ്ട്-കാരാപ്പിള്ളി മലകള്‍ക്കും വടക്കേ അറ്റത്ത് നാരുംകാനം മലയ്ക്കും ഇടയ്ക്ക് സമതലങ്ങളെ വിഭജിച്ചുകൊണ്ട് നെല്ലിമലത്തണ്ടും മനക്കത്തണ്ടും മിഷ്യന് കുന്നും മരുതുംപറപാറയും, കണ്ണാടിപ്പാറയും സ്ഥിതി ചെയ്യുന്നു. നിമ്നോന്നതമായ ഇവിടുത്തെ ഭൂപ്രകൃതിയും ഹരിതാഭമായ നെല്‍വയലുകളും കിഴക്കു പടിഞ്ഞാറായി ഒഴുകുന്ന മൂന്നിലേറേ പ്രധാനപ്പെട്ട തോടുകളും തൊമ്മന്‍കുത്ത് ഉള്‍പ്പെടുന്ന കണ്ണാടിയാറും സമീപമുള്ള വനപ്രദേശങ്ങളും എല്ലാം ചേര്‍ന്ന് പ്രകൃതി മനോഹരമായ ഈ പഞ്ചായത്ത് ഇന്ന് ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രം ഉറങ്ങിക്കിടക്കുന്ന കോട്ടപ്പുറം-കമ്പംകോട്ടയുടെ ഇരുഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന കരിമണ്ണൂര്‍ പഞ്ചായത്ത് നൂറ്റാണ്ടുകളുടെ സംസ്കൃതിയും പാരമ്പര്യവുമുള്ള ഒരു ഗ്രാമപ്രദേശമാണ്. കഥകളി പോലുള്ള കേരളത്തിന്റെ തനതുകലാരൂപങ്ങള്ക്ക് പണ്ടുമുതല്‍തന്നെ ഇവിടെ ആസ്വാദകരുണ്ടായിരുന്നു. ഇഞ്ചപ്പിള്ളി ഇല്ലത്തും ആലപ്പാട്ട് തറവാട്ടിലും വര്‍ഷത്തിലൊരിക്കല്‍ പൊതുജനങ്ങള്‍ക്കായി കഥകളി നടത്തിയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഇവിടെ പ്രധാനമായും ചെയ്തിരുന്നത് നെല്‍കൃഷിയാണ്. പാടശേഖരങ്ങളില്‍ മാത്രമല്ല കരപ്രദേശങ്ങളിലും വ്യാപകമായി നെല്‍കൃഷി ചെയ്തിരുന്നു. വിരിപ്പ് കൃഷി എന്ന പേരിലാണ് കരകൃഷി അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ ഇവിടത്തെ മുഖ്യവിളകള്‍ റബ്ബറും തെങ്ങുമാണ്.
സാമൂഹിക സാംസ്കാരിക ചരിത്രം
പഞ്ചായത്തിന്റെ 5, 7 വാര്‍ഡുകളില്‍ കിഴക്കുപടിഞ്ഞാറായി 100 ലിങ്ക്സ് വീതിയില്‍ കിടക്കുന്ന കോട്ട കീഴ്മലൈനാടും മേല്മലനാടും തമ്മില്‍ വേര്തിരിച്ചിരുന്നതാണെന്നും, അതല്ല വടക്കുംകൂര്‍, തെക്കുംകൂര്‍ രാജ്യാതിര്‍ത്തികള്‍ നിര്ണ്ണിയിച്ചിരുന്നതാണെന്നും രണ്ടഭിപ്രായങ്ങള്‍ നിലവിലുണ്ട്. കോട്ടക്കിടങ്ങിലെ ജലാശയത്തില്‍ ചീങ്കണ്ണി, മുതല തുടങ്ങിയ ജന്തുക്കളും ഇരുവശങ്ങളിലും ഇല്ലിത്തുറുവും ഉണ്ടായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നുണ്ട്. കരിമണ്ണൂര്‍ പഞ്ചായത്തിലെ ഒരു ചരിത്രസ്മാരകമാണ് ഈ കോട്ട. കാരിക്കോട് ആസ്ഥാനമായിരുന്നുവെന്ന് പറയപ്പെടുന്ന കീഴ്മലൈനാടും പാണ്ടിനാടും തമ്മില്‍ കച്ചവടത്തിനുപയോഗിച്ചിരുന്ന 40 ലിങ്ക്സ് വീതിയുള്ള കാരിക്കോട്-മധുര റോഡ്, അണ്ണായിക്കണ്ണം, കിളിയറ, തേക്കുംകൂട്ടം, പന്നൂര് വഴിയാണ് കടന്നുപോയിരുന്നതെന്നത് കരിമണ്ണൂര്‍ പഞ്ചായത്തിന്റെ ചരിത്രപരമായ പ്രാധാന്യം വ്യക്തമാക്കുന്നു. നെയ്യശ്ശേരി പ്രദേശത്ത് നമ്പ്യാര്‍ കണ്ടത്തിന്റെ തെക്കേ വശത്തുള്ള കുന്നിന്പ്രദേശത്തു കാണപ്പെടുന്ന അയിര്ക്കുഴികള്, തൊമ്മന്‍കുത്ത് വനപ്രദേശങ്ങളില്‍ കാണപ്പെടുന്ന കെട്ടിടനിര്മ്മാണാവശിഷ്ടങ്ങള്, അഞ്ചാം വാര്‍ഡില്‍ കുളിര്ക്കുഴി ഭാഗത്തും ആനിക്കുഴയിലും, ഉണിച്ചിക്കവലയിലും മറ്റും കാണപ്പെടുന്ന കീടന്കല്ലുകള്, ഒന്നാം വാര്‍ഡില്‍ കാവുംചാറ ഭാഗത്തു കാണുന്ന കല്‍ഭരണി, മണ്ജാറകള് എന്നിവ പഞ്ചായത്തിന്റെ പൂര്‍വ്വകാല ചരിത്രം വിളിച്ചോതുന്ന അവശിഷ്ടങ്ങളാണ്. കേരളത്തില്‍ അത്യപൂര്‍വ്വമായുള്ള വരാഹക്ഷേത്രങ്ങളിലൊന്നായ ഇവിടുത്തെ പന്നൂര് ശ്രീവരാഹസ്വാമി ക്ഷേത്രം ത്രേതായുഗത്തില്‍ സ്ഥാപിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. ചിരപുരാതനമായ കാര്‍ത്ത്യായനീ ദേവി ക്ഷേത്രവും നാല്പതേക്കറില് വനമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ശാന്തികാട്ട് ഭഗവതി ക്ഷേത്രം, മുളപ്പുറത്തുള്ള മലയത്താമ്പുറം ശാസ്താക്ഷേത്രം, പുതിയറ ശിവക്ഷേത്രം, ചന്ദ്രപ്പിള്ളിക്കാവ്, പന്നൂര് അയ്യപ്പക്ഷേത്രം, എലമ്പിക്കാട്ട് ക്ഷേത്രം, എടത്തില്‍ ധര്‍മ്മശാസ്താക്ഷേത്രം, ആമ്പക്കുടി ശ്രീധര്‍മ്മശാസ്താക്ഷേത്രം എന്നിവയും ഈ പഞ്ചായത്തിന്റെ പഴയകാല ചരിത്രത്തിന്റെ സാക്ഷിപത്രങ്ങളാണ്. കരിമണ്ണൂര്‍ പഞ്ചായത്തിന്റെ ആസ്ഥാനപ്രദേശങ്ങള് ഭൂരിഭാഗവും ഇഞ്ചപ്പിള്ളി ഇല്ലത്തിന്റേയും, പന്നക്കല്‍ മനയുടേയും (കുഞ്ചിറക്കാട്ടില്ലം) വകയായിരുന്നു. ഇപ്പോള്‍ പഞ്ചായത്ത് ആസ്ഥാനമായ കരിമണ്ണൂര്‍ ടൌണ്‍ പ്രദേശം പന്നക്കല്മന വകയായിരുന്നതിനാല്‍ കരിമണ്ണൂര്‍ ടൌണിനെ പണ്ട് പന്നക്കാമറ്റം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പഞ്ചായത്തിലെ ബാക്കി സ്ഥലങ്ങളില്‍ ഭൂരിഭാഗം വനപ്രദേശങ്ങളും, കുറെ ഭാഗം പണ്ടാരപ്പാട്ടാടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഭൂമിയുമായിരുന്നു. നിലങ്ങള്‍ കൂടുതലും തൊടുപുഴ ദേവസ്വത്തിന്റെയും പോറ്റിമാരുടേയും അധീനതയിലായിരുന്നു. ജന്മി-കുടിയാന്, അടിമ-ഉടമ സമ്പ്രദായങ്ങളും നാടുവാഴിത്തവും നിലനില്ക്കുമ്പോള് തന്നെ, സര്‍ക്കാരിനോട് മാത്രം വിധേയത്വമുള്ള സ്വതന്ത്ര ഭൂഉടമസ്ഥതയും (പണ്ടാരപ്പാട്ടം) ഒരുമിച്ച് ഇവിടെ നിലനിന്നിരുന്നു. അതോടൊപ്പം തന്നെ ജാതിവ്യവസ്ഥയും അയിത്തവും ഇവിടെ നിലനിന്നിരുന്നു. ആദ്യകാലങ്ങളില്‍ മണ്ണില്‍ പണിയെടുക്കുന്നവര്‍ ഭൂരിഭാഗവും അധഃസ്ഥിത വിഭാഗങ്ങളായിരുന്നു. പണിയാളരായ ദളിത് വിഭാഗങ്ങളെ വിലയ്ക്ക് വാങ്ങിക്കുകയും സ്ത്രീധനമായി കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു.
വികസന ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതി മുതല്‍ ഇവിടേയ്ക്ക് വ്യാപകമായ കുടിയേറ്റം ഉണ്ടായി. മീനച്ചില്‍ താലൂക്ക്, ഇലഞ്ഞി, കൂത്താട്ടുകുളം, മുത്തോലപുരം, ആരക്കുഴ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നായിരുന്നു കുടിയേറ്റം കൂടുതല്‍. സ്വന്തമായ അധ്വാനത്തോടൊപ്പം അധഃസ്ഥിതവിഭാഗങ്ങളെയും ഇവര്‍ കൃഷിപ്പണിക്കായി ഉപയോഗിച്ചു. നിശ്ചിതമായ കൂലിവ്യവസ്ഥ ഉണ്ടായിരുന്നില്ല. വിശപ്പടക്കുന്നതിനുള്ള ആഹാരം മാത്രമാണ് പണിയാളര്‍ക്ക് നല്‍കിയിരുന്നത്. സവര്‍ണ്ണ ഭൂപ്രഭുക്കളുടെ നെല്‍പ്പാടങ്ങളില്‍ കൊയ്ത്തു മെതിക്ക് സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കും പ്രത്യേകം കളങ്ങള്‍ ഉണ്ടായിരുന്നു. 1894-ല്‍ ആരംഭിച്ച കരിമണ്ണൂര്‍ ഗവ.യു.പി.സ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കുന്നതിന് ഏറ്റവും അടുത്തുള്ള സ്ഥാപനം തൊടുപുഴ ഗവ:ഇംഗ്ലീഷ് സ്കൂളായിരുന്നു. 1935-ല്‍ സെന്റ് ജോസഫ്സില്‍ നിന്നും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള സൌകര്യം ഭൂരിപക്ഷത്തിനും ലഭ്യമായി. മിക്ക രോഗങ്ങള്‍ക്കും ആശ്രയം ആയുര്‍വേദ നാട്ടുവൈദ്യന്മാരുടെ ചികിത്സയായിരുന്നു. മാതാളികുന്നേല്‍ വൈദ്യന്, വട്ടക്കാവില്‍ മാണിവൈദ്യന്, പോട്ടശ്ശേരില് വേലായുധന് വൈദ്യന്, ഗോപാലപിള്ള വൈദ്യന്, ബാലചികിത്സക്ക് പ്രസിദ്ധനായിരുന്ന കുന്നേല്‍ വക്കന് വൈദ്യന്, ഗോവിന്ദന് വൈദ്യന് തുടങ്ങിയവരായിരുന്നു പ്രസിദ്ധരായ വൈദ്യന്മാര്. അലോപ്പതി ചികിത്സ ആവശ്യമായി വരുമ്പോള്‍ കാരിക്കോട് ഗവ:ആശുപത്രിയായിരുന്നു മിക്കവര്‍ക്കും ആശ്രയമായിരുന്നത്. 1940-നുമുമ്പ് കാളിയാര്‍തോട്ടം ഡോക്ടറായിരുന്നു അലോപ്പതി ചികിത്സക്കുള്ള മറ്റൊരാശ്രയം. 1941-ല്‍ കരിമണ്ണൂരില്‍ സെന്റ് മേരീസ് ഹോസ്പിറ്റല്‍ രണ്ടുമുറികളോടു കൂടി പ്രവര്‍ത്തനം ആരംഭിച്ചു. 1962-ല്‍ ഗവ:ഡിസ്പെന്‍സറിയും പ്രവര്‍ത്തനം തുടങ്ങി. പഞ്ചായത്തില്‍ ആദ്യമുണ്ടായിരുന്ന റവന്യൂ ഓഫീസ് പകുതിക്കച്ചേരി എന്ന് അറിയപ്പെട്ടിരുന്നു. ഇന്നത്തെ കോടിക്കുളം, വണ്ണപ്പുറം, നെയ്യശ്ശേരി, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍ വില്ലേജുകള്‍ ചേരുന്നതായിരുന്നു കരിമണ്ണൂര്‍ പകുതിക്കച്ചേരിയുടെ പ്രവര്‍ത്തനമേഖല. ഈ പഞ്ചായത്തിലെ ആദ്യത്തെ ഗവണ്മെന്റ് സ്ഥാപനം അഞ്ചല്‍ ഓഫീസ് ആയിരുന്നു. 1942-ല്‍ കരിമണ്ണൂരില്‍ പോസ്റ്റ് ഓഫീസ് ആരംഭിച്ചു. ഈ പഞ്ചായത്തിലെ ആദ്യത്തെ പള്ളി നെയ്യശ്ശേരി കത്തോലിക്കാ പള്ളിയാണ്. മുസ്ലീങ്ങളുടെ ആദ്യത്തെ ആരാധനാലയം നെയ്യശ്ശേരി പള്ളിയായിരുന്നു. ഗതാഗത സൌകര്യങ്ങളുടെ അപര്യാപ്തത കൊണ്ട് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുള്ള പ്രദേശമാണ് കരിമണ്ണൂര്‍. ഈ പ്രദേശത്തെ താലൂക്കാസ്ഥാനവും വ്യാപാരകേന്ദ്രവുമായ തൊടുപുഴയുമായി ബന്ധിപ്പിച്ചിരുന്ന ആദ്യകാല പാത തൊടുപുഴ-അണ്ണായിക്കണ്ണം, തേക്കിന് കൂട്ടം, പന്നൂര്, ചെപ്പുകുളം വില്ലേജ് റോഡാണ്. ഈ വഴിയിലൂടെയാണ് ഗ്രാമത്തിലെ കര്‍ഷകര്‍ വാണിജ്യവിളകള്‍ തലച്ചുമടായി തൊടുപുഴയിലെത്തിച്ച് വില്പന നടത്തുകയും തിരിച്ച് നിത്യോപയോഗസാധനങ്ങള്‍ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നത്. റോഡുനിര്‍മ്മാണ രംഗത്തുണ്ടായ ആദ്യകാല സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കരിമണ്ണൂര്‍ പള്ളി വികാരിയായിരുന്ന യശഃശരീരനായ മാവുങ്കല്‍ അച്ചനും നമ്പ്യാപറമ്പിലച്ചനുമാണ്.